എല്ലാവരുടെയും ഒരു ആഗ്രഹമായിരിക്കും നമ്മുടെ വീടിന്റെ പണിനടക്കുമ്പോൾ തന്നെ അതിന്റെ ഉൾഭാഗങ്ങളെല്ലാം എങ്ങനെയുണ്ടാകും എന്ന് നടന്നൊന്ന് കണ്ടുനോക്കാൻ.പുതിയ വീടുകൾ നിർമ്മിക്കുമ്പോൾ അതിന്റെ ഓരോ ഭാഗങ്ങളും എങ്ങനെയുണ്ടാകും ,ഓരോ റൂമിനും പ്രതീക്ഷിച്ച വലുപ്പമുണ്ടോ ,സ്വീകരണ മുറിയിൽ സോഫകൾ ഇടാൻ സൗകര്യമുണ്ടോ,സ്റ്റെയർ നിർമ്മിച്ചാൽ വീടിനകത്ത് സൗകര്യം കുറയുമോ ,പോർച്ചിൽ വലിയ വാഹനങ്ങൾ നിർത്താൻ സൗകര്യമുണ്ടോ , എന്നിങ്ങനെ സംശയങ്ങളുടെ ഒരു കൂമ്പാരമായിരിക്കും ഓരോരുത്തരുടെയും മനസ്സിൽ ഉണ്ടാവുക.ഇതിനൊരു പരിഹാരമെന്ന നിലയിൽ എല്ലാവരും വീടിന്റെ ഓരോഭാഗങ്ങൾ ഇന്റീരിയർ ഡിസൈനും മറ്റും ചെയ്യിക്കുന്നു എന്നാൽ ഒരു ഇന്റീരിയർ ഡിസൈൻ ഫോട്ടോ കാണുമ്പോൾ ഒരു റൂമിന്റെയെല്ലാ ഭാഗങ്ങളും നമുക്ക് കാണാൻ കഴിയണമെന്നില്ല അതായത് 360° view ലഭിക്കണമെന്നില്ല.

എന്നാൽ ഒരു 3D animation, walkthrough video നിർമ്മിച്ച് അത് കാണുന്നതിലൂടെ ഒരു വീടിന്റെ മുഴുവൻ ഭാഗങ്ങളും നടന്നു കാണുന്ന പ്രതീതിയാണ് നമുക്കുണ്ടാവുന്നത്.

എന്താണ് 3D വാക്ക്ത്രൂ ആനിമേഷൻ വിഡിയോ എന്നത് നമുക്ക് പരിചയപ്പെടാം, ഭാവിയിൽ നിർമ്മിക്കാൻ പോകുന്ന പ്രൊജക്റ്റിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള കാഴ്ചകൾ ഒരുമിപ്പിച്ച് കൊണ്ട് ഒരു വീഡിയോയിലൂടെ മുഴുവൻ വിവരങ്ങളും ഉപഭോക്താക്കൾക്ക് മനസ്സിലാക്കാൻ വേണ്ടി നിർമ്മിക്കുന്ന ഒറിജിനലിന്റെ അതേ രീതിയിൽ തന്നെ ഒരു ഡിസൈനറുടെ ഭാവനയിൽ നിർമ്മിച്ചെടുക്കുന്ന ആനിമേഷൻ വീഡിയോ ആണ് ഇത്.ഒരു കെട്ടിടത്തിന്റെ എല്ലാഭാഗങ്ങൾക്കും ഓരോ പ്ലാനും Elevation കളും വരച്ച് മനസ്സിലാക്കുന്നതിനേക്കാൾ കൂടുതൽ അതിന്റെ വാക്ക്ത്രൂ വീഡിയോകളിലൂടെ നമുക്ക് മനസ്സിലാക്കാം.ഒരു പ്രൊജക്ടിന്റെ Exterior ൽ പ്രധാനമായും പച്ചപ്പുകൾ നിറഞ്ഞ ചുറ്റുപാടും, വാഹനപാർക്കിംഗ് ഏരിയയും,ഗേറ്റും ചുറ്റുമതിലുകളും,കെട്ടിടത്തിന്റെ മുൻഭാഗത്തിന്റെയും സൈഡുഭാഗങ്ങളുടെയും ഭംഗിയും ചാരുതയും നമ്മിലെത്തിക്കാൻ ഈ വീഡിയോകൾക്ക് കഴിയും,അതുപോലെ തന്നെ കെട്ടിടത്തിന്റെ ഇന്റീരിയറിൽ ഉപയോഗിക്കുന്ന ഫർണ്ണിച്ചറുകൾ,ഫ്ലോർ മെറ്റീരിയൽ ,സീലിങ് ഡിസൈനുകൾ എന്നിവയെല്ലാം നമുക്ക് ഇന്റീരിയർ വാക്ക്ത്രൂ വീഡിയോയിലൂടെ കാണാൻ കഴിയും.

ഒരു വീടിന്റെ പ്ലാൻ വരച്ചതിന് ശേഷം അതിന്റെ 3D ഡിസൈൻ മുഴുവനായും ചെയ്യുക അതായത് വീടിന്റെ എല്ലാ റൂമുകൾ,അടുക്കള എന്നിങ്ങനെയുള്ള എല്ലാ ഭാഗങ്ങളുടെയും ഇന്റീരിയർ ഡിസൈൻ ചെയ്യുക ശേഷം അതിൽ ഓരോ സ്ഥലങ്ങളിലായി കാമറകൾ ക്രമീകരിച്ച് വീഡിയോ രൂപത്തിൽ Render ചെയ്തെടുക്കുക.Render ചെയ്തെടുത്ത വീഡിയോ ക്ലിപ്പുകൾ വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ യോജിപ്പിച്ച് നല്ലൊരു Walkthrough video ആക്കി നമുക്ക് നിർമ്മിച്ചെടുക്കാം.

മനോഹരമായ ഒരു വീഡിയോ നിർമ്മിച്ചെടുക്കാൻ ഒരുപാട് പണിപിടിക്കുന്ന ഒരുകാര്യമായത് കൊണ്ട് തന്നെ ഇത് കുറച്ചു ചിലവ് കൂടിയ ഒരു കാര്യവും കൂടിയാണ്.വലിയ ഷോപ്പിങ് മാളുകളുടെയും,ഓഫീസുകളുടെയുമെല്ലാമാണ് പ്രധാനമായും ഇങ്ങനെയുള്ള walkthrough video കൾ നിർമ്മിക്കുന്നത് ഇവ ഉപയോഗിച്ച് വൻകിട കമ്പനികളുടെയെല്ലാം പരസ്യങ്ങളിൽ അവരുടെ ഷോപ്പിന്റെ ഉൾഭാഗങ്ങൾ പരിചയപ്പെടുത്താനും സാധിക്കും.ഇതിലൂടെ ഫ്ലാറ്റുകളുടെയും റൂമുകളുടെയെല്ലാം ബുക്കിംഗ് കൾ ചെയ്യാൻ കെട്ടിടത്തിന്റെ പണിനടക്കുമ്പോൾ തന്നെ ഉപഭോക്താക്കൾക്ക് സാധിക്കുന്നു.

യഥാർത്ഥത്തിൽ നമ്മൾ കാണുന്ന അതേ രൂപത്തിൽ നല്ല വാക്ക്ത്രൂ ആനിമേഷൻ വീഡിയോ നമുക്ക് ലഭിക്കണമെങ്കിൽ തീർച്ചയായും നല്ലൊരു പ്രവൃത്തി പരിചയമുള്ള ഒരു ഡിസൈനെറെ തന്നെ സമീപിക്കേണ്ടതുണ്ട്.