ഉറക്കത്തിലേക്ക് പതിയെ വീണുതുടങ്ങി..
ഫോൺ ഓഫ് ചെയ്ത് ജനലിൽ വച്ചു
സമയം ഏകദേശം അർദ്ധരാത്രി....
വലിയൊരു ചുഴി
അതി ശക്തമായി കറങ്ങി കൊണ്ടിരിക്കുന്നു......
ചുഴിയുടെ കറക്കത്തിൽ ഓരോ വൃത്തങ്ങൾ കാണാൻ സാധിക്കും.
വ്യത്യസ്തമായ നിറങ്ങളാണ് വൃത്തങ്ങളോരോന്നിനും...
അതിന്റെ ഏറ്റവും മുകൾഭാഗത്താണ് ഞാൻ നിൽക്കുന്നത്.
ഒരുപാട് ദൂരം പാലിച്ചു നിന്ന ഞാൻ പെട്ടെന്ന് ചുഴിയിൽ അകപ്പെട്ടു...
വളരെ വേഗത്തിൽ ഞാനും കറങ്ങാൻ തുടങ്ങി.
ഞാനാ ചുഴിയിൽ താഴ്ന്നു കൊണ്ടേയിരുന്നു.
ഭയന്ന് കൊണ്ട് പെട്ടെന്ന് എണീറ്റിരുന്നു
മുറി മുഴുവനും കൂരാകൂരിരുട്ട്
ശരീരം മുഴുവൻ വിയർത്തു കുളിച്ചിരിക്കുന്നു.
കരണ്ട് പോയതിനാൽ ഫാൻ കറങ്ങുന്ന ശബ്ദവുമില്ല.
ആകെ നിശബ്ദത
ചീവീടുകളുടെ ശബ്ദം നന്നായിട്ട് കേൾക്കാൻ പറ്റുന്നുണ്ട്.
കണ്ട സ്വപ്നത്തെ വീണ്ടും വീണ്ടും ഓർത്തെടുക്കാൻ ശ്രമിച്ചു.
ആ സ്വപ്നം പിളർന്ന് പോയിരിക്കുന്നു.
മുഴുവനായും ഓർത്തെടുക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല.
പക്ഷേ ഒരുകാര്യം ഉറപ്പാണ്
ഈ സ്വപ്നം ഞാൻ ആദ്യമായിട്ട് കാണുന്നതല്ല.
ചെറുപ്പത്തിൽ ഈ സ്വപ്നം കണ്ട് ഭയന്ന് എണീറ്റ ദിവസങ്ങളുണ്ടായിരുന്നു.
ഈ സ്വപ്നം ഒരിക്കലും കാണാനിടവരരുതേ എന്ന് ആഗ്രഹിച്ചിരുന്നു അപ്പോഴൊക്കെ.
അതിന് ശേഷം എത്രയോ കാലങ്ങൾക്ക് ശേഷം എന്റെ ഉറക്കം കെടുത്താൻ വീണ്ടും വന്നിരിക്കുന്നു.
എന്റെ ഉറക്കത്തെ വേട്ടയാടാൻ...