ഒരു പകലിനും കൂടി തിരശ്ശീല വീഴാൻ തുടങ്ങി
ചുവന്ന പൊട്ടായ് ഒരു മടക്കം

കാഴ്ചക്കാരായി ഒരുപാട് പേർ
ക്യാമറയിൽ പകർത്തുന്നവർക്കും കുറവൊന്നുമില്ല.

സ്വയം മടങ്ങുന്ന ഒരാളെ 
യാത്രയാക്കാൻ വന്നവർ

സന്തോഷത്തോടെ മടങ്ങിയെന്ന് നമ്മൾ 
എല്ലാവരും പരസ്പരം പറഞ്ഞു.

ഒരു ദിവസം മുഴുവനും കണ്ടുകൊണ്ടായിരുന്നു 
ആ മടക്ക യാത്ര.

ആ ദിവസം കണ്ട കാഴ്ച ഒരുപാടുണ്ട്
അന്നം തേടിയലയുന്ന കുറേ ജീവനുകൾ

അന്നം വലിച്ചെറിഞ്ഞവർ
അന്നപ്പാത്രത്തിൽ മണ്ണിട്ടവർ.

സ്വപ്നം പാതിവഴിയിൽ നിർത്തി
പരലോകത്തേക്ക് പോയവർ.

പരസ്പരം തമ്മിൽ തല്ലിയവർ 
വഞ്ചനയിലൂടെ കൈപ്പിടിയിലാക്കിയവർ

എല്ലാവരും ഒട്ടത്തിലാണ് 
എങ്ങോട്ടെന്നറിയാതെ അലയുകയാണ്

ചൂട് കൂട്ടിയും കുറച്ചും
മൂപ്പരുമങ്ങ് സന്തോഷിച്ചു.

ചിലരപ്പോൾ വിയർത്തു
മറ്റു ചിലർ സ്വയം തണുപ്പിക്കാനും തുടങ്ങി

ചിലരുടെ സന്തോഷങ്ങളും കണ്ടു
അതും പറയാതെ വയ്യ.

ജന്മദിനം കൊണ്ടാടിയവരുണ്ട്
വിവാഹം ആഘോഷിച്ചവരുണ്ട്

പുതുജീവിതം തുടങ്ങിയവരുണ്ട്
പിഞ്ചുകരങ്ങൾ കണ്ടവരുണ്ട്. 

ചിലർക്കിന്ന് പ്രണയങ്ങളുടെ ദിനമായിരുന്നു.
പരസ്പരം തിരിച്ചറിഞ്ഞ ദിനം

മറ്റുചിലർക്ക് വിരഹങ്ങളുടെ ദിനവും
വിശ്വസിച്ചവർ വഞ്ചിച്ച ദിനം

ഒരുപാട് മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു
കാലങ്ങളായുള്ള സ്വപ്നങ്ങൾ പൂവണിയുന്നു.

ഒന്നും മിണ്ടാതെ
എല്ലാം കണ്ടങ്ങ് നിന്നു.

ഒരു ദിവത്തെ മുഴുവൻ പറഞ്ഞു തീർക്കാൻ കഴിയാതെ മടങ്ങി
അടുത്ത പൊൻപുലരി തേടിയുള്ള യാത്ര