എവിടെയും സംസാരം ഇതുതന്നെ
ചൈനയിൽ ഒരു വൈറസ് കണ്ടുപിടിച്ചെന്നും ഒരുപാട് പേർ മരണപ്പെട്ടെന്നും.
ഇന്ത്യയിൽ വ്യാപനം തടയാൻ
കർശന നിയന്ത്രണം വരാൻ സാധ്യതയുണ്ടെന്ന് വാർത്തകളിലെല്ലാം മുന്നറിയിപ്പ് വന്നു തുടങ്ങി.
ജോലിയെല്ലാം നിർത്തിവച്ച് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങി.
ബാഗുമായി ബസ്സിൽ കേറിയപ്പോൾ തന്നെ പിൻഭാഗത്ത് ഒരു സീറ്റ് കിട്ടിയതും
അവിടെ ഇരുത്തമങ്ങ് ഉറപ്പിച്ചു.
തൊട്ടടുത്ത് ഇരുന്ന ആളോട് ഒരു ചിരിയും പാസാക്കി അങ്ങനെ ഇരുന്നു.
രണ്ട് സ്റ്റോപ്പ് മുൻപോട്ടു പോയി ബസ് നിർത്തിയപ്പോഴാണ് ബാക്കിലെ ഡോറിലൂടെ മാസ്കൊക്കെ ധരിച്ച് ഒരു സ്ത്രീ കയറിയത്.
"ഇങ്ങനെയും കുറേ ആളുകൾ"
മുഖമൊന്ന് ചുളിച്ചു കൊണ്ട് തൊട്ടടുത്ത് ഇരിക്കുന്ന ആള് എന്നോട് പറഞ്ഞു.
"അതെന്താ അങ്ങനെ പറഞ്ഞേ"എടുത്ത വായിൽ ഞാനുമങ്ങ് ചോദിച്ചു.
ആ ബസ്സിൽ ആ സ്ത്രീ മാത്രമേ മാസ്ക് ധരിച്ചിരുന്നുള്ളൂ അതുകൊണ്ടായിരിക്കണം അയാൾ അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി.
"എവിടെയോ എന്തോ രോഗം വന്നെന്ന് പറഞ്ഞ് ഇവിടുന്നു മാസ്കും ധരിച്ചു നടക്കുന്നു "പുച്ഛഭാവത്തോടു കൂടി അയാൾ മറുപടി പറഞ്ഞു.
ഹോസ്പിറ്റലുകളിൽ മാത്രമായിരുന്നു അന്നൊക്കെ നമ്മൾ മാസ്ക് കണ്ടിരുന്നത്.
നൈസുമാർ ,ഡോക്ടർമാർ , മാരകമായ എന്തെങ്കിലും രോഗമുള്ളവർ,സർജറിക്ക് തയ്യാറാവുന്നവർ , എന്നിവരൊക്കെയായിരുന്നു മാസ്ക് ധരിച്ചിരുന്നവർ.
സ്വാഭാവികമായും അതുകൊണ്ടായിരിക്കണം അയാൾ അങ്ങനെ പറഞ്ഞിട്ടുണ്ടാവുക.
അപ്പോഴൊന്നും ആരും പ്രതീക്ഷിച്ചു കാണില്ലല്ലോ ചൈനയിൽ നിന്നും വിമാനം കേറി കൊറോണ കേരളത്തിലെത്തുമെന്ന്.
എന്റെ അടുത്തിരുന്ന ആളെ എവിടെയോ കണ്ട് നല്ല പരിചയമുണ്ടായിരുന്നു എനിക്ക്.
പിന്നീടങ്ങോട്ട് ലോക്ക്ഡൗൺ വന്നു. എല്ലാവരും മാസ്ക് ധരിക്കൽ നിർബന്ധമാക്കി. മാസ്ക് ധരിക്കാത്തവർക്ക് നേരെ പിഴ ചുമത്താൻ തുടങ്ങി.
അങ്ങനെ കുറച്ചു മാസങ്ങൾ കഴിഞ്ഞു പോയി കടകളെല്ലാം വീണ്ടും തുറക്കാൻ തുടങ്ങി . പതുക്കെ ആളുകൾ പുറത്തേക്കിറങ്ങാൻ തുടങ്ങി.
അങ്ങനെ ഒരു ദിവസം ഒരു ചായയും കടിയും കഴിക്കാൻ വേണ്ടി ചായക്കടയിൽ നിൽക്കുമ്പോഴാണ്
ആ മുഖം എന്റെ ശ്രദ്ധയിൽ പെട്ടത്.
ഒരു ലോട്ടറി കച്ചവടം നടത്തുന്ന ആൾ ആദ്യം വച്ച സർജിക്കൽ മാസ്ക് സൂശ്മതയോടെ നീക്കിയതിന് ശേഷം ഡിസ്പോസിബിൾ ഗ്ലാസിൽ ചായകുടിച്ച് ബാഗിൽ നിന്നും അടുത്ത സർജിക്കൽ മാസ്കെടുത്ത് ധരിച്ചു കൊണ്ട് അയാൾ നടന്നകന്നു.
അത് അയാൾ തന്നെയായിരുന്നു അന്ന് ബസ്സിൽ വച്ചു കണ്ട അയാൾ തന്നെ.
ആരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളായിരുന്നു ഓരോരുത്തർക്കും വന്ന് കൊണ്ടിരിക്കുന്നത് . മാസ്ക് ധരിക്കുന്നതിനെ വെറുമൊരു പുച്ഛ ഭാവത്തിൽ കണ്ടിരുന്ന അയാൾ ഓരോ മാസ്കുകൾ മാറ്റികൊണ്ട് പുതിയത് ധരിച്ചു കൊണ്ടിരിക്കുന്നു.