അതുകൊണ്ടാവണം ആ നൂറു രൂപ എങ്ങനെലും ഉണ്ടാക്കണം എന്ന് ചിന്തിച്ചത്.
എന്തിനാണ് നുറു രൂപ എന്നല്ലേ
ഏതൊരു ചിത്രരചന മൽസരത്തിന് പോയാലും ആദ്യം എന്റെ കണ്ണുകൾ തട്ടുന്നത് എല്ലാവരുടെയും കൈകളിൽ കാണുന്ന ആ colour box ൽ ആയിരുന്നു.
കുറച്ചു കാലങ്ങൾക്ക് ശേഷമാണ് അതിനെ acrylic colour എന്നാണ് പറയുക എന്ന് അറിഞ്ഞതു തന്നെ.
റമദാൻ മാസം സക്കാത്ത് കിട്ടിയത് ആരോടും പറയാൻ നിന്നില്ല. ആ നൂറു രൂപ കൊണ്ടൊരു acrylic colour അങ്ങ് വാങ്ങി.
ഇതുപയോഗിച്ച് വരച്ചവരുടെ വരകളെല്ലാം മനോഹരമായത് മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ. അതുകൊണ്ടാവണം ആ colour box എന്നെ അത്രയങ്ങ് ആകർഷിച്ചത്.
വരയ്ക്കുന്ന പേപ്പറിന് GSM എന്നൊക്കെയുണ്ടെന്ന് അപ്പോഴൊന്നും അറിയില്ലായിരിന്നു. എല്ലായ്പ്പോഴും 1 രൂപയ്ക്ക് 4എണ്ണം കിട്ടുന്ന A4 പേപ്പറിൽ തന്നെയായിരുന്നു വര.
പുതിയ colour box വാങ്ങിയ സന്തോഷത്തിൽ ഒരു A4 പേപ്പറുമെടുത്ത് വരയ്ക്കാനങ്ങ് ഇരുന്നു.
A4 പേപ്പറും acrylic കളറും തമ്മിലുള്ള കോമ്പിനേഷനങ്ങ് റെഡിയായില്ല.
വരച്ചത് മുഴുവൻ കുളമായി എന്ന് പറയാം.
അറിവുള്ള ആരോടും ചോദിക്കാതെയായിരുന്നു ആദ്യപരീക്ഷണം.അല്ലേലും ആരോടു ചോദിക്കാൻ instagram, whatsapp,youtube, mobile phone , എന്നീവക പരിപാടികളും അന്നില്ലാല്ലോ.
"എന്റെ തെറ്റാണ് എനിക്ക് വരക്കാൻ അറിയാത്തത് കൊണ്ടാണ് " ഒട്ടും നന്നാവാത്ത ആ പേപ്പറിലെ ചായങ്ങളെ നോക്കി സ്വയം കുറ്റപ്പെടുത്തിയിരിക്കുമ്പോഴാണ്
ആ വാക്കുകൾ എന്റെ കാതിലെത്തിയത്.
"ആ കളറുമായി ഇറങ്ങിയിട്ടുണ്ടല്ലോ നിനക്ക് വേറെ പണിയൊന്നുമില്ലേ ..... ആവുന്ന പണിക്ക് പോയാൽ പോരെ "
ഇതുകൂടെ കേട്ടപ്പോൾ മുഴുവനായും തളർന്നു.
ഇളം മനസ്സിനേറ്റ മുറിവിനുകൂട്ടായ് കണ്ണുനീരുമെത്തി.
ഈ colour box വലിച്ചെറിഞ്ഞാലോ എന്ന് തോന്നി. പക്ഷെ അതിനു കഴിഞ്ഞില്ല കാരണം അത്രയും ആഗ്രഹിച്ചു കൊണ്ട് വാങ്ങിയതായിരുന്നു.
ആരോടും പരിഭവമില്ലാതെ കളറുകളെല്ലാം അടുക്കിവച്ച് സൂക്ഷിച്ചു.
ഇനി ഇതുപയോഗിച്ച് എനിക്ക് വരയ്ക്കാൻ കഴിയില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു .
വളരും മുമ്പ് തന്നെ ആ ഇലകൾ കരിഞ്ഞുപോയി.
മനസ്സിൽ നിന്നും ആ ചായങ്ങളെ സ്വയം വലിച്ചെറിഞ്ഞു.
പിന്നീടെപ്പോഴും ആ colour box കാണുമ്പോൾ ഒരു നീറ്റലായിരുന്നു.
ആ കളറുകൾ ഉപയോഗിച്ച് പിന്നീട് ഞാൻ വരച്ചിട്ടേയില്ല.വർഷങ്ങൾക്കഴിയും തോറും ദ്രാവക രൂപത്തിലുള്ള acrylic colour ഖര രൂപം പ്രാപിക്കാൻ തുടങ്ങിയിരുന്നു.
പത്ത് വർഷങ്ങൾക്കിപ്പുറം ഇന്റർനെറ്റ്, instagram, youtube എല്ലാം ജീവിത്തിന്റെ ഭാഗമായപ്പോൾ ആ പഴയ വരയെ വീണ്ടും പൊടിതട്ടിയെടുക്കണമെന്നൊരാഗ്രഹം.
അപ്പോൾ ആദ്യം ചെയ്തത് പെട്ടിയിൽ സൂക്ഷിച്ച ആ colour box എടുത്ത് വേസ്റ്റ് ബാസ്കറ്റിലിട്ടു കൂടെ ആ ഓർമകളും.
"അതു സാരമില്ലെടാ ഒന്നുകൂടെ ശ്രമിച്ചു നോക്കാം അടുത്ത പ്രാവശ്യം എന്താലും ശരിയാകുമെടാ......"
എന്നൊരു വാക്ക് പത്തുവർഷങ്ങൾക്ക് മുമ്പേ എന്നെ ത്തേടി വന്നിരുന്നെങ്കിൽ ചിലപ്പോൾ...........................................